അഴങ്ങാട് ആറ് വീടുകളൊരുക്കി തിരുഹൃദയ സന്യാസിനികള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത റെയിന്‍ബോ പദ്ധതിയില്‍ ആറു വീടുകള്‍ അഴങ്ങാട് നിര്‍മ്മിച്ചു നല്‍കി കാഞ്ഞിരപ്പള്ളി പ്രൊവിന്‍സ് തിരുഹൃദയ സന്യാസിനികള്‍. പ്രളയബാധിതര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത നിര്‍മ്മിച്ചു നല്‍കുന്ന 45 ഭവനങ്ങളില്‍ 2021 ഒക്ടോബറിലുണ്ടായ പ്രളയം രൂക്ഷമായി ബാധിച്ച അഴങ്ങാട് നിവാസികള്‍ക്കായി അഴങ്ങാട്ടിലും മറ്റു വിവിധ പ്രദേശങ്ങളിലുമായി പത്തു വീടുകളാണ് റെയിന്‍ബോ പദ്ധതിയില്‍ നിര്‍മ്മിച്ച് നല്‍കുന്നത്. പ്രസ്തുത പദ്ധതിയില്‍ ആറു വീടുകള്‍ സ്വയം സമര്‍പ്പണത്തിലൂടെ നിര്‍മിച്ചുനല്‍കിയ സന്യാസിനികളുടെ മാതൃക അനുകരണീയമാണെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറല്‍ റവ.ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു വീടുകളുടെ ആശീര്‍വാദം നിര്‍വഹിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വീടുകളുടെ നിര്‍മ്മാണത്തിനാവശ്യമായ നിര്‍മ്മാണസാമഗ്രികള്‍ എത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സന്യാസിനികള്‍ നേരിട്ട് പങ്കെടുക്കുകയും അധ്വാനിക്കുകയും ചെയ്തുവെന്നത് പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ മൂന്നു വീടുകള്‍ ഇതിനോടകം ആശീര്‍വദിച്ച് നല്കിയിരുന്നു.

കാഞ്ഞിരപ്പള്ളി തിരുഹൃദയ സന്യാസിനി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ റവ.സി. മേരി ഫിലിപ്പ്, സാമൂഹ്യ സേവന വിഭാഗം കൗണ്‍സിലര്‍ റവ. സി. ലിസ്ബത്ത് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സോഷ്യല്‍ വര്‍ക്ക് മാനേജര്‍ രഞ്ജിത്ത് ഐസക്കാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത്. ആശീര്‍വ്വാദകര്‍മങ്ങളില്‍ അഴങ്ങാട് വികാരി ഫാ. വര്‍ഗ്ഗീസ് മഞ്ഞക്കുഴക്കുന്നേല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരി ഫിലിപ്പ്, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, സി. ലിസ്ബത്ത്, സി. ലിന്‍സി, സി. ലിസ്, സി. ട്രീസ, സി. ജയിന്‍, രഞ്ജിത്ത് ഐസക്, ഇടവകാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.

സീറോമലബാർ സഭയുടെ ഔദ്യോഗിക വാര്‍ത്തകള്‍ വാട്‌സ്ആപ്പ് മുഖേന ലഭിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ അംഗമാകുക.

No comment

Leave a Reply

Your email address will not be published.